വചന ധ്യാനത്തിനടയിൽ പരിശുദ്ധാത്മാവ് എന്റെ ചിന്തയെ തിരിച്ചു വിട്ട ഒരു വിഷയമാണ് ഇവിടെ പരാമര്ശിക്കുന്നതു, Rev: 3.14 ആണ് പരാമർശം. ലവൊദിക്ക്യയിലെ സഭയുടെ ദൂതന് എഴുതുക: വിശ്വസ്തനും സത്യവാനുമായ സാക്ഷിയായി ദൈവസൃഷ്ടിയുടെ ആരംഭമായ ആമേൻ എന്നുള്ളവൻ അരുളിച്ചെയുന്നതു:
ഇവിടെ മൂന്ന് വിശേഷണ പദങ്ങൾ ഉപയോഗിച്ചരിക്കുന്നു. 1 വിശ്വസ്തനും സത്യവാനുമായ സാക്ഷി: 2 ദൈവസൃഷ്ടിയുടെ ആരംഭമായവൻ. 3 ആമേൻ എന്നുള്ളവൻ. ഇതു മൂന്നും യേശു ക്രിസ്തുവിനെ കുറിച് പറയുന്ന വിശേഷണങ്ങൾ ആണ് .
ഏഴു സഭകൾക്കുള്ള ദൂതുകളിൽ അവസാനത്തെ സഭയാണ് ലവോദിക്യ. ഇന്നത്തെ തുർക്കി എന്ന രാജ്യത്താണ് ഇതിന്റെ സ്ഥാനം. പൗരാണികമായി സമ്പന്നമായ ഒരു പട്ടണം കൂടി ആയിരുന്നു ഈ സഥലം. അതുകൊണ്ട് സമ്പന്നതയിൽ ഉള്ള ഒരു സഭ ആയിരുന്നു ഈ സഭ എന്ന് വേണം കരുതാൻ . സമ്പത്തിലും അറിവിലും വചന സംബദ്ധമായ ആത്മീയ അറിവും, സാംസ്കാരിക ഉയർച്ചയും എല്ലാ ഉള്ള സഭ. പൊതുവെ എല്ലാറ്റിലും സ്വയം പരിയാപ്തതയിൽ (Self-sufficiency) എത്തി എന്ന് നിരൂപിച്ചിരുന്ന സഭയാണ് ലവോദിക്യ സഭ. അതാണല്ലോ ആത്മാവ്, Rev :3 17. ൽ ഞാൻ ധനവാൻ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിർഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാൽ, നന്നാവാൻ ബുദ്ധി പറയുന്നത് .
അവരോടുള്ള ദൈവത്തിന്റെ ദൂദ് ആണ് “നീ ശിതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നും ഉമിണ്ണുകളയും. ആകയാൽ മനസ്സാന്തരപ്പെടുക”
ഈ കാലഘട്ടത്തിൽ കാണപ്പെട്ട്ന്ന ഒട്ടു മിക്ക ലോക്കൽ കോൺഗ്രിഗേഷനുകളുടെയും ഗതി ഇതു തന്നെയാണ്. ആത്മീയത മുഖാന്തരം സമ്പന്നത അനുഭവിക്കുന്നവർ. ഒന്നിനും മുട്ടില്ലാത്തവർ. ഒന്നിനോടും യോജിക്കാതെ അഭിപ്രായ വ്യത്യാസം മാത്രം ഉള്ളവർ. മത്സരം ശാഠ്യം കോപം, ക്രോധം, അസൂയ പക്ഷം ചേരൽ, പക, പിണക്കം, എല്ലാo വച്ച് പുലർത്തുന്ന വിശുധന്മാർ. പ്രസംഗ പീഠത്തിലും ആത്മിയ ശിശ്രൂഷകളിലും തകർത്തു വാരുന്നവർ. യാഥാർത്യങ്ങളും സ്നേഹ ബന്ധങ്ങളും കൂട്ടായ്മയുടെ പ്രാധാന്യവും ബന്ധവും ഇല്ലാത്തവർ , അടിസ്ഥാനപരമായ ആത്മീയ മൂല്യങ്ങളെ മനസോടെ മറന്നുകളയുന്നവർ . മനുഷ്യരിലുള്ള മാനം മാത്രം നോക്കി യാഥാർത്യത്തെയും സത്യത്തെയും വിസ്മരിച്ചുളളയുന്നവർ. ഇവരാരും ലവൊദിക്ക്യ സഭയിലെ പാപികളല്ല, വിശുദ്ധന്മാരാണ്. ലവോദിക്യ സഭയിലെ വിശുദ്ധന്മാർ .(Galatians 5:19-23)
അതുകൊണ്ട് ഈ കാലഘട്ടത്തെ ലവോദിക്യ കാലം എന്ന് വിളിക്കാം . ക്രിസ്തീയ ജീവിതത്തിന്റെ മൂല്യങ്ങളെയും ആത്മീയതയും ഉപേക്ഷയായി കണ്ടു ലോകവുമായി ചേർന്ന് ലൗകികതയും ആത്മീയതയും കലർത്തിയുള്ള ജീവിത രീതികൾ ഉണ്ടായിരിക്കുന്ന ഒരു കാലമാണ് ഇന്ന് എന്ന് വായനക്കാരെ ഞാൻ ഓർമപ്പെടുത്തുന്നു . ജീവിത വിശുദ്ധിയും വേർപാടും, എന്നുപറഞ്ഞാൽ ബൈബിൾ പറയുന്ന ജീവിത മൂല്യങ്ങളെ (Lifestyle) എവിടെയും ഏത് കാലത്തും സൂക്ഷിക്കുക എന്നത് സഭയുടെ അനിവാര്യതയാണ്.
യേശു ക്രിസ്തുവിന്റെ ശിഷ്യന്മാരും യേശുവിൻറെ മാതാവ് വിശുദ്ധ മറിയമും, താമസിച്ചുരുന്നതും പ്രവർത്തിച്ചിരുന്നതുമായ സ്ഥലമാണ് ഇന്നത്തെ തുർക്കി. വിശുദ്ധ മറിയം തന്റെ അന്ത്യ നാളുകൾ തുർക്കിയിലെ എഫസോസ് എന്ന സ്ഥലത്താണ് ജീവിച്ചിരുന്നത്. ഈ എഫസോസ്ൽ നിന്നാണ് യോഹന്നാൻ അപ്പോസ്തലനെ AD 94 ൽ റോമൻ ചക്രവർത്തി ഡൊമിഷ്യൻ (Domitian) പദ്മോസ് ദ്വീപിലേക്ക് നാടു കടത്തിയത്. വളരെ ക്രിസ്തിയ പ്രവർത്തങ്ങൾ നടന്നതും ധരാളം ക്രിസ്തിയാനികൾ ഉണ്ടായിരുന്നതുമായ സ്ഥലമാണ് തുർക്കി. സിറിയയിലെ ബിഷോപ്പും യോഹന്നാൻ അപ്പോസ്തലന്റെ ശിഷ്യനുമായിരുന്ന പോളികാർപ് (Polycarp the Martyr) തുർക്കിയിലെ ഈസ്മീർ (IZMIR) എന്ന സ്ഥാലത്താണ് രക്ത സാക്ഷി ആയതു.
ഏകദേശം 30 ശതമാനത്തിൽ അധികം ക്രിസ്തിയാനികൾ ഉണ്ടായിരുന്ന നാടാണ് തുർക്കി. റോമെൻ ഭരണകാലത്തു മൂന്നാം നൂറ്റാണ്ടിൽ കോൺസ്റ്റാൻറ്റിൻ (Constantine) ചക്രവർത്തി എഫസോസിൽ (Istanbul) പണികഴിപ്പിച്ച (Hagia Sophia) ഹാഗിയാ സോഫിയ ദേവാലയം പ്രസിദ്ധമാണ്. ലെവോദിക്യ സഭയോട് ശക്തമായ ഭാഷയിൽ ദൈവം അറിയിച്ച ദൂദ് അവർ ചെവികൊണ്ടില്ല. “നീ ശിതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നും ഉമിണ്ണുകളയും. ആകയാൽ “മനസ്സാന്തരപ്പെടുക “
കാലങ്ങൾ കഴിഞ്ഞപ്പോൾ ഓട്ടോമൻ ഭരണം വന്നു. ശിതോഷ്ണ അവസ്ഥയിൽ ആയിരുന്ന സഭക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല . മുസ്ലിം മുന്നേറ്റത്തിൽ സഭ നശിച്ചുപോയി പീഡനം ഭയന്ന് തലമുറകൾ മതം മാറി. ഒന്നാം നൂറ്റാണ്ടു മുതൽ റോമെൻ ഭരണത്തിന്റെ അതി ശക്തമായ പീഡനത്തെ അതിജിവിച്ചു് വളർന്നു വന്ന സഭ. അനുഗ്രഹങ്ങളുടെ മുന്നേറ്റത്തിൽ ആത്മീയതയും വചന പ്രമാണങ്ങളും ജീവിത വിശുദ്ധിയും അലക്ഷ്യമാക്കി കളഞ്ഞു. അതിന്റെ ഫലം പിന്മാറ്റമായിരുന്നു തലമുറകൾ മറ്റു ജാതിയ മതങ്ങളിലേക്കും വിഗ്രഹ ആരാധനായിലേക്കും മാറി പോയി. ലൗകതയിലും ആഡംബരത്തിലും ജഡിക സുഖങ്ങളിലും കലർന്നുള്ള ക്രിസ്തിയ ജീവിതമായി സഭ അംഗങ്ങൾ മാറി . ഇന്നത്തെ തുർക്കിയിൽ, 30 ശതമാനത്തിൽ അധികം ക്രിസ്തിയാനികൾ ഉണ്ടായിരുന്ന തുർക്കിയിൽ ഇന്ന് 0 .4 ശതമാനം നാമധേയ ക്രിസ്തിയാനികളാണ് ഉള്ളത്.’നിന്നെ എന്റെ വായിൽ നിന്നും ഉമിണ്ണുകളയും’, എന്ന് കർത്താവു പറഞ്ഞത് യാഥാർത്യമായി. (Hagia Sophia) ഹാഗിയാ സോഫിയ ദേവാലയം ഇന്ന് മുസ്ലിം മോസ്ക് ആയി മാറി. എഫെസൊസ്, സ്മുർന്നാ; പെർഗ്ഗമൊസ്, തുയഥൈര, സർദ്ദീസ്, ഫിലദെൽഫ്യ, ലവൊദിക്ക്യാ എന്ന ഏഴു പ്രധാന സഭകളും മറ്റു ധാരാളം കുടിവരവുകളും ഉണ്ടായിരുന്ന ഏഷ്യ മൈനർ (തുർക്കി ) ഇന്ന് മുസ്ലിം രാജ്യമാണ്. ഇന്നത്തെ തുർക്കിയുടെ അവസ്ഥ വിവരിക്കേണ്ടതില്ലല്ലോ.എന്തോരു ദയനീയമായ അവസ്ഥ അതുപോലെ ഈ കാലഘട്ടം ശിതോഷ്ണ അവസ്ഥയിൽ എത്തിയിരിക്കുന്നു. ലവോദിക്യ കാലഘട്ടം എന്ന് വിളിക്കാം. മന്ദിഭവിച്ചതും വിശ്വാസ്സ ത്യാഗം ഭവിച്ചതുമായ സഭാ കാലഘട്ടം. കർത്താവു പറഞ്ഞത് ഇവിടെ കുറിക്കുന്നു Luke 18 :8 .മനുഷ്യപുത്രൻ വരുമ്പോൾ അവൻ ഭൂമിയിൽ വിശ്വാസം കണ്ടെത്തുമോ ”
ഞാൻ ഇവിടെ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്ന വിഷയം, യേശു ക്രിസ്തുവിന്റെ മൂന്ന് വിശേഷണ പദങ്ങൾ ഉപയോഗിച്ചു കൊണ്ട് ഈ ലവോദിക്യ സഭക്ക് (അഥവാ കാലഘട്ടത്തിനു) ഇത്ര ശക്തമായ താക്കിത് (warning) കൊടുത്തിരിക്കുന്നു.
1 വിശ്വസ്തനും സത്യവാനുമായ സാക്ഷി: 2 ദൈവസൃഷ്ടിയുടെ ആരംഭമായവൻ. 3 ആമേൻ എന്നുള്ളവൻ.
1 വിശ്വസ്തനും സത്യവാനുമായ സാക്ഷി: (Rev I :5; 3 .14)
ഇതു കാണിക്കുന്നത് ദൈവിക പദ്ധതിയിൽ യേശു ക്രിസ്തുവിൽ നിക്ഷിപ്തമായിരുന്ന ദൗത്യം (വീണ്ടടുപ്പിൻ ദൗത്യം: Redemption program) കൃത്യമായി നിറവേറ്റി എന്നതാണ്. Philip: 2;6-11: അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ട് ദൈവവും അവനെ ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശു ക്രിസ്തു കർത്താവു “എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടിവരും.
പാപംചെയ്ത മനുഷ്യരുടെ വീണ്ടടുപ്പിൻ പദ്ധതിയിൽ, എല്ലാ പരീക്ഷണങ്ങളും കഷ്ടതകളും പ്രലോഭനങ്ങളും അതിജീവിച്ചു ക്രൂശിലെ മരണം വരെ വിശ്വസ്തതയോടെ വിജയിച്ച യേശു ക്രിസ്തുവാണ് വിശ്വസ്തനും സത്യവാനുമായ സാക്ഷി. അനുസരണമാണ് ഇവിടെ പറയുന്ന വിശ്വസ്തത. അന്ത്യ ന്യായ വിധിയിൽ സഭയുമായി നിൽക്കുന്ന വിജയശ്രി ലാളിതനായ യേശു ക്രിസ്തുവിനെ കാണാം. സാത്താനും കൂട്ടർക്കുമെതിരെയുള്ള ന്യായ വിധിയിൽ ഈ വിശ്വസ്തതയും സത്യവും കാണുകയും പ്രസംസിക്കപ്പെടുകയും ചെയ്യും. ദൈവത്തോടുള്ള അനുസരണക്കേടു സത്യത്തെയും വിശ്വസ്തതയേയും ലക്ഷ്യത്തെയും തകർക്കുന്ന വസ്തുതയാണ് എന്ന് ഓർമപ്പെടുത്തുന്നു. സഭ വചനത്തിനും പരിശുദ്ധാത്മാവിനും ക്രിസ്തുവിനും വിധേയമായിരിക്കണം.
2: ആമേൻ എന്നുള്ളവൻ: ഈ എബ്രായ പദത്തിനർത്ഥം സത്യം എന്നാണ്. മറ്റൊരാൾ പറഞ്ഞ വിഷയം ശരിയാണ് എന്ന് സമ്മതിക്കുന്ന ഒരു എഗ്ഗ്രിമെൻറ് പദം ആണ് “ആമേൻ” ഇതിനു മാറ്റമില്ലാത്തത്, നിത്യമായത്, സത്യമായതു എന്നി അർത്ഥങ്ങൾ ഉണ്ട്. സത്യസന്ധമായ ഒരു പ്രസ്തവാനയുടെ അഗീകാരമാണ് ആമേൻ എന്ന് പറഞ്ഞാൽ.
” ഞാൻ നിന്റെ പ്രവൃത്തി അറിയുന്നു; നീ ഉഷ്ണവാനുമല്ല; ശീതവാനുമല്ല; ശീതവാനോ ഉഷ്ണവാനോ ആയിരുന്നു എങ്കിൽ കൊള്ളായിരുന്നു. ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശിതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും” എന്ന് പറഞ്ഞാൽ അതിനു മാറ്റമില്ല എന്നാണ് അർത്ഥമാക്കുന്നത്. ദൈവത്തിന്റെ വിശുദ്ധിയാകുന്ന ആസ്ഥിത്വത്തിൽ (attribute) പെട്ട ഒന്നാണ് ആമേൻ. പറയുന്നതിൽ ഒരിക്കലും മാറ്റം വരുത്താത്തവൻ എന്ന് സാരം.
3 ദൈവസൃഷ്ടിയുടെ ആരംഭമായവൻ. ഇതാണ് എന്റെ പ്രധാന ചിന്താവിഷയം. എന്തുകൊണ്ടാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത് . തെറ്റിദ്ധരിക്കപ്പെടുന്ന ഒരു പ്രസ്താവനയാണ് ഇതു. യേശു ക്രിസ്തു സൃഷ്ടിയുടെ ആരംഭമാണോ, ദൈവത്തിന്റെ സൃഷിയുടെ ആദ്യ സൃഷ്ട്ടിയാണോ യേശു ക്രിസ്തു. പിതാവും പുത്രനും പരിശുധത്മാവ് എന്നി മൂന്ന് ദൈവമാണോ നമുക്കുള്ളത് എന്നി ചോദ്യങ്ങൾ ഉയിർന്നു വന്നേക്കാം. “യാഹുവെ” (YHWH or YHVH), the name of God in the Hebrew Bible.) ആയ ഏക ദൈവമേ നമുക്കുള്ളൂ. അവനിൽ പുത്രനായ യേശു ക്രിസ്തുവും പരിശുദ്ധാത്മാവും ഉണ്ട്. സൃഷ്ട്ടികളോടുള്ള ദൈവ ഇടപാടുകളുടെയും വീണ്ടടുപ്പിൻ പദ്ധതികളോടുമുള്ള വിഷയത്തിന്റെയും അടിസ്ഥാനത്തിൽ ദൈവം വെളിപ്പെട്ടുവരുന്ന രണ്ടു വ്യക്തിത്ത്വ അവസ്ഥകള് യേശു ക്രിസ്തുവും പരിശുദ്ധാത്മാവും. ഒരു സൃഷ്ടിക്കും അടുത്ത് ചെല്ലുവാനും കാണുവാനും പൂര്ണമായി മനസിലാക്കുവാനും കഴിയാത്ത മഹത്വം ഉള്ളവനാണ് ദൈവം “YHWH”. അതുകൊണ്ട് ദൈവം തന്നെത്താൻ ഒഴിച് ആളത്വം കൊണ്ട് ചെറുതായി നമുക്കു വെളിപ്പെട്ടിരിക്കുന്ന അവസ്ഥയാണ് യേശു ക്രിസ്തുവും പരിശുദ്ധാത്മാവും(The Self-Limitation of God. GK: Kenosis meaning empty. Philippians 2:6–7) ഇവരിൽ കൂടിയാണ് പാപം ചെയിതു ദൈവത്തിൽ നിന്നു അകന്നു പോയ മനുഷ്യർ ദൈവത്തെ അറിയുന്നതും അടുക്കുന്നതം. ദൈവം മനുഷ്യരോട് ഇടപെടുന്നതും ഈ രണ്ടു ആളത്വങ്ങളിലൂടെയാണ് .
ഇവിടെ Revelation 3 .14 ൽ ലവോദിക്യ സഭയോടുള്ള ദുദിൽ (Message) എന്തിനാണ് “ദൈവസൃഷ്ടിയുടെ ആരംഭമായമായാവാൻ” എന്ന് പറയുന്നത്. ദൈവമല്ലേ സകലതും സൃഷ്ട്ടിച്ചത്. യേശു ക്രിസ്തു ദൈവമാണെങ്കിൽ പിന്നെ എന്തിനാണ് അങ്ങനെ പറയുന്നത്.
യഹോവ സാക്ഷികൾ എന്ന് അറിയപ്പെടുന്ന ഒരു വിഭാഗ സമൂഹം നമുക്കു അറിവുള്ളതാണല്ലോ. പല സമയങ്ങളിലും എനിക്ക് അവരോട് സംവാദിക്കാൻ ഇടയായിട്ടുണ്ട് . അപ്പോൾ അവർ എടുത്തു പറയാറുള്ള വാക്യങ്ങളിൽ ഒന്നാണ് ഇതു.
ഈ വചനം മനസിലാക്കാൻ നമുക്കു പൗലോസ് അപ്പോസ്തലന്റെ ചില വചനങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
“Eph 1 .4 ൽ, നാം തന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുക്കയും.” 3:9 പ്രസംഗിപ്പാനും സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ ഇന്നതെന്നു എല്ലാവർക്കും പ്രകാശിപ്പിപ്പാനുമായി ഈ കൃപ നല്കിയിരിക്കുന്നു.”
Colo:1.15-17 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. അവനിൽ സർവ്വസമ്പൂർണ്ണതയും വസിപ്പാനും, അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തം കൊണ്ട് അവൻ മുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വർഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ നമ്മെ അവനിൽ തിരഞ്ഞെടുത്തു
ഉലകസ്ഥാപനത്തിനു മുൻപേ ദൈവം സഭയെ തിരഞ്ഞെടുത്തു എന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത്. ഭൂമിയുടെ സൃഷ്ട്ടിപ് നടന്നത് ബൈബിൾ പറയുന്നത് “ആദിയിൽ (In the Beginning) ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.”എന്നാണ് ആദ്യ സൃഷ്ട്ടിയിൽ പെട്ട ഒരു ഗ്രഹമാണ് ഭൂമി എന്ന് മനസിലാക്കാം. അതിനു ശേഷം എത്രയോ യുഗങ്ങൾ അഥവാ കാലങ്ങൾ കഴിഞ്ഞാണ് മനുഷ്യ സൃഷ്ഠി നടന്നത്. അപ്പോൾ സകലത്തെയും സൃഷ്ടിക്കുന്നതിന് മുൻപ് ദൈവം തൻറെ ഹൃദയത്തിൽ തയാറാക്കിയ പദ്ധതി ആയിരുന്നു “ദൈവ സഭ ‘ സകലതും തന്റെ മുന്നറിവിൽ അറിയുന്ന ദൈവത്തിനു അറിയാമായിരുന്നു ഈ പദ്ധതി പൂർത്തീകരിക്കുന്നതിനു മുൻപ് എന്തല്ലാം പ്രശ്നങ്ങൾ തടസങ്ങൾ വരും എന്നും, അതിനുള്ള വിജയ മാർഗങ്ങൾ എന്തല്ലാം ആണ് എന്നും, ദൈവത്തിനു അറിയാമായിരുന്നു. തന്റെ സഭയുടെ തിരഞ്ഞടുപ്പിൻ പദ്ധതിയുടെ വിജയത്തിന്റെയും ദൈവിക മർമങ്ങളുടെയും ഒരു കാരണം ആണ് “യേശു ക്രിസ്തു. ദൈവിക പ്ളാനുകളുടെ നിത്യത മുതൽ നിത്യത വരെയുള്ള വെളിപ്പെടുത്താതോ മനസിലാക്കാൻ കഴിയാത്തതോ ആയ വിഷയങ്ങളെ ആണ് മർമങ്ങൾ. (something that is difficult or impossible to understand or explain. The Mystery ‘ in Heaven or God) എന്ന് പറയുന്നത്. അതുകൊണ്ടു ദൈവത്തിൽ തന്നേ ഉണ്ടായിരുന്ന ഒരു ‘മർമം’ ആയിരുന്നു യേശു ക്രിസ്തു. Eph 3:9 സകലവും സൃഷ്ടിച്ച ദൈവത്തിൽ അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ. The hidden Plan of Mystery.
പാപികളാകുന്ന മനുഷ്യരുടെ വീണ്ടടുപ്പിനു വേണ്ടി ദൈവം തന്നേ മനുഷ്യനായി അവതരിക്കുക. ഇതു സകലത്തെയും സൃഷ്ടിക്കുന്നതിന് മുൻപേ ദൈവത്തിന്റെ പ്ളാനും മർമവും ആയിരുന്നു. ഈ പദ്ധതിയെ ആണ് ദൈവസൃഷ്ടിയുടെ ആരംഭമായവൻ. എന്ന് വെളിപ്പാട് പുസ്തകത്തിൽ 3 .14 ൽ പറഞ്ഞിരിക്കുന്നത് (The mystery about Jesus Christ.) ദൈവം തന്റെ തനിമയിൽ സകലത്തെയും സൃഷ്ഠിക്കുന്നതിനു മുൻപ് പ്ലാൻ ചെയ്തതാണ് സഭയും യേശു ക്രിസ്തു എന്ന മനുഷ്യ അവതാരവും. അതുകൊണ്ടാണ് യേശു ക്രിസ്തുവിനെ ദൈവസൃഷ്ടിയുടെ ആരംഭമായവൻ എന്ന് സംബോധന ചെയിതിരിക്കുന്നതു.
Philip 2: 7 ,8 അവൻ ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളേണം എന്നു വിചാരിക്കാതെ ദാസരൂപം എടുത്തു മനുഷ്യസാദൃശ്യത്തിലായി തന്നെത്താൻ ഒഴിച്ചു വേഷത്തിൽ മനുഷ്യനായി വിളങ്ങി തന്നെത്താൻ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീർന്നു.
John 1 :1 ,2 ,3 ,14: ആദിയിൽ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു. അവൻ ആദിയിൽ ദൈവത്തോട് കൂടെ ആയിരുന്നു. സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല. വചനം ജഡമായി തീർന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു. ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
ആദിയിൽ ദൈവം ദൈവരൂപത്തിൽ ഇരിക്കെ തന്നെത്താൻ താഴ്ത്തി മനുഷ്യസാദൃശ്യത്തിലായി, അതായതു യേശു ക്രിസ്തു മനുഷ്യനായി അവതരിച്ചു എന്ന് സാരം. ആദിയിൽ വചനമായിരുന്ന ദൈവം ജഡമായി തീർന്നു യേശു ക്രിസ്തു വായി ഭൂമിയിൽ വന്നു എന്ന് സാരം . ഇതല്ലാം യേശു ക്രിതുവിന്റെ ദൈവത്വത്തെ കാണിക്കുന്ന വാക്യങ്ങളാണ്.
ലവോദിക്യ സഭയോടുള്ള ബന്ധത്തിൽ ദൈവം നേരിട്ട് ഒരു സന്ദേശം ഇത്ര ഗൗരവതരമായി നൽകണമെങ്കിൽ അതിന്റെ പ്രാധാന്യം എത്രമാത്രം ഉണ്ട് എന്ന് മനസിലാക്കണം . സഭയെ ദൈവം സ്നേഹിക്കുന്നു, പിന്മാറി പോകാൻ ആഗ്രഹികുന്നില്ല, പിൻമാറ്റവും, കുറവുകളും, ഉള്ള സഭകൾ മടങ്ങി വരണം എന്ന് ദൈവം ആഗഹിക്കുന്നു.
അല്ലതെ യേശു ക്രിസ്തു ദൈവത്തിന്റെ ആദ്യ സൃഷ്ഠി എന്ന ആശയത്തില്ല. എല്ലറ്റിൻറെയും ആരംഭമായവൻ തന്നെ ആണ്. Colo :1 :15 ,16,17: അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. ദൈവത്തെ കുറിച് വിവരിക്കുവാൻ ആരാലും സാധ്യമല്ല. അതിനു ഭാഷയുടെ പരിമിതിയുണ്ട്, ആശയങ്ങളുടേയും വിവരണ രീതിയുടെയും പരിമിതികളുണ്ട്. പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന ആളത്വങ്ങളെ (Triunity form of God ) മനുഷ്യ ബുദ്ധിക്കു മനസിലാക്കിത്തരുവാൻ എഴുത്തുകാരും പരിശുദ്ധാത്മാവും പരമാവധി പരിശ്രമിച്ചിട്ടുണ്ട്.എങ്കിലും വചനം വ്യാഖ്യാനിക്കുന്നതിൽ ബുദ്ധിയെ മറിച്ചു കളയുന്ന പൈശാചിക സ്വാധിനം പലരിലും സംഭവിക്കുന്നു അതുകൊണ്ടാണ് പലതും ശരിയായി മനസിലാക്കാൻ കഴിയാതെ പോകുന്നത്.
യേശു ക്രിസ്തു അനാദികാലം മുതൽ മറഞ്ഞുകിടന്ന മർമ്മത്തിന്റെ വ്യവസ്ഥ The Mystery. അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ഠിക്കപ്പെട്ടിരിക്കുന്നു.അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു. അവനിൽ സർവ സംപൂർണതയും വസിക്കുന്നു. അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽ നിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു. അതുകൊണ്ടാണ് ലെവോദിക്യ സഭക്ക് ഗൗരവതരമായ താക്കിത് (വാർണിങ്) നൽകുമ്പോൾ ദൈവം പറയുന്നത് . യേശു ക്രിസ്തുവും സഭയും, എന്ന ദൈവിക പദ്ധതി സകല സൃഷ്ടിക്കും മുൻപേയുള്ളതാണ് എന്ന് . ദൈവസൃഷ്ടിയുടെ ആരംഭമായവൻ യേശു ക്രിസ്തു എന്ന മർമം . ഇ ലേഖനം വായനക്കാർക്കു പ്രയോജനപ്പെടും എന്ന് വിശ്വ വസിക്കുന്നു . ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.
Pastor MG Abraham Dallas TX