മനുഷ്യരോടുള്ള ബന്ധത്തിൽ പരിശുദ്ധാത്മാവിൻറെ ഏഴ് പ്രധാന ഇടപെടലുകൾ (Interventions)


Pastor M G Abraham

 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. Ps;51.10

51 ആം സംകീർത്തനം വായിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ ശ്രദ്ധയെ പരിശുദ്ധാത്മാവ് അതിന്റെ 10, 11, വാക്യത്തിലേക്കു ആകർഷിച്ചു. പല പ്രാവശിയം വായിച്ചിട്ടുണ്ട് എങ്കിലും ഒന്ന് കൂടെ പഠിക്കുവാൻ പരിശുദ്ധാത്മാവ് എന്നെ പ്രേരിപ്പിച്ചു. “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ. നിന്റെ സന്നിധിയിൽ നിന്ന് എന്നെ തള്ളിക്കളയരുതേ.  നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽ നിന്ന് എടുക്കയും അരുതേ”.

അപ്പോഴാണ് പരിശുദ്ധാതമാവിന്റെ അതി പ്രധാനമായ ചില ഇടപെടലുകളെ കുറിച്ച് വിശുദ്ധ ബൈബിളിൽ നിന്നും മനസിലാക്കുവാൻ കഴിഞ്ഞത്. ഭക്തനായിരുന്ന ദാവീദ് ഒരു പാപത്തിൽ വീണുപോയപ്പോൾ തനിക്കുണ്ടായ പശ്ചാത്താപത്തിൽ താൻ ദൈവത്തോട് പറയുന്ന പ്രാർത്ഥന വാചകങ്ങളാണ് ഇവ. എന്നിരുന്നാലും ഇതിനു ഒരു പ്രവചനിക പ്രാധാനിയം ഉണ്ട്. 

വിശുദ്ധ ബൈബിളിൽ    പരിശുദ്ധാത്മാവിന്റെ മനുഷ്യരോടുള്ള ഇടപെടലുകളുടെ രീതിയും അതിന്റെ വ്യക്തതകളും കാണുവാൻ കഴിയും. ദൈവത്തിന്റെ ആത്മാവു മനുഷ്യ ഹൃദയങ്ങളോട് ഇടപെടുന്നതും അവരെ രൂപാന്തര പെടുത്തുന്നതും ഏത് വിധമാണ് എന്നും മനസിലാക്കാം. {Heb: 12:1-11’ബാലശിക്ഷ’   chastisement}

മനുഷ്യ മനസുകൾ പലപ്പോഴും ചാഞ്ചല്യ പെടുകയും പാപത്തിന്റെ പ്രേരണയിലും സ്വാധിനത്തിലും പെട്ട് ദൈവത്തിനു വിരോധമായി പാപം ചെയുകയും ചെയുന്നു. അതുമൂലം ദൈവ സന്നിധിയിൽ നിന്ന് മാറ്റപെടുകയോ ശിക്ഷിക്ക പെടുകയോ ചെയുന്നു. പാപത്തിൽ അകപ്പെട്ടു പോകുന്നവരോട് പരിശുദ്ധാത്മാവ് ഇടപെടുമ്പോൾ, അനുസരിക്കുന്നവർക് ബാലശിക്ഷയോടു കൂടിയുള്ള നീതീകരണം ലഭിക്കുന്നു. അഥവാ യഥാസ്ഥാപനത്തിനുള്ള അവസരം ലഭിക്കുന്നു. അതിനു ഒരു ഉദാഹരണം ആണ് ഡേവിഡ്.  അത് ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. അതിനർത്ഥം തുടർമാനമായി പാപം ചെയുകയും പിന്നെ മനസാന്തപ്പെടുകയും വീണ്ടും പാപം ചെയുകയും ചെയിതു കൊണ്ടിരുന്നാൽ അത് അംഗീകരിക്കപ്പെടുകയില്ല, അംഗീകാര യോഗ്യവുമല്ല. അതുകൊണ്ട് എബ്രായ ലേഖനത്തിൽ 10: 26, 27 ൽ പറയുന്നു …. സത്യം മനസിലാക്കിയ ശേഷം വീണ്ടും മനപ്പൂർവ്വമായി പാപം ചെയ്യ്താൽ   പിന്നീട് ഷമിക്കുകയില്ല. ശിക്ഷിക്കപ്പെടും എന്ന് വ്യക്തമാകുന്നു. പാപ പ്രവണതയുള്ള മനുഷ്യന്റെ സ്വഭാവത്തെ അറിയുന്ന ദൈവം ആ വിഷയത്തിൽ പരിശുദ്ധാത്മാവിന്റെ ഇടപെടൽ നടത്തുന്നതായി മനസിലാക്കാം.

അതുകൊണ്ട് പരിശുദ്ധാത്മാവിന്റെ ഏഴ് പ്രധാന ഇടപെടലുകളിൽ ഒന്നാണ് മനുഷ്യ ഹൃദയങ്ങളോട് (ബുദ്ധിയോടു) ഉള്ള ഇടപെടൽ. കൂടുതൽ വിവരണങ്ങൾ താഴെ വിവരിക്കുന്നതാണ്.

പരിശുദ്ധാത്മാവിനെ പ്രതിനിധികരിക്കുന്ന അഞ്ചു വസ്തുക്കൾ (വസ്തുതകൾ) വിശുദ്ധ ബൈബിളിൽ നിന്നും മനസിലാക്കാൻ   കഴിയും

1:(Dove,) പ്രാവ്, Matthew 3:16: യേശു സ്‌നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കയറി അപ്പോൾ സ്വർഗ്ഗം തുറന്നു ദൈവാത്മാവു പ്രാവെന്നപോലെ ഇറങ്ങി തന്റെ മേൽ വരുന്നതു അവൻ കണ്ടു;  (Mark 1:10; Luke 3:22; John 1:32) 

 2: (Fire,) അഗ്നി: Acts 2:3 അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.   Lavi 3:1-5 മുൾപടർപ്പിൽ അഗ്നി ജ്വാലയിൽ യഹോവ മോശക്ക് പ്രത്യക്ഷനായി. കൂടാതെ ധാരാളം വസ്തുതകൾ ബൈബിളിൽ രേഖ പെടുത്തിയിരിക്കുന്നു (Matthew 3:11:)

3: (Oil,) തൈലം: Exo: 30.20-25: 25 തൈലക്കാരന്റെ വിദ്യപ്രകാരം ചേർത്തുണ്ടാക്കിയ വിശുദ്ധമായ അഭിഷേക തൈലമാക്കേണം; അത് വിശുദ്ധമായ അഭിഷേക തൈലമായിരിക്കേണം.   പരിശുദ്ധാത്മ അഭിഷേകത്തിന്റെ അടയാളമായി ഇസ്രായേലിനു ദൈവം കൊടുത്ത പ്രമാണമാണ്. ഇത് തുടർന്നു പുരോഹിതന്മാരെയും രാജാക്കന്മാരെയും പ്രവാചകന്മാരെയും ഈ തൈലം ഉപയോഗിച്ചു അഭിഷേകം ചെയിതിരുന്നതായി ബൈബിളിൽ നാം വായിക്കുന്നു.

4: (Wind) കാറ്റ്; Act 2.2: പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. (Ezekiel 37:9-14, John 3:8, John 20:22)

5:(Water.) വെള്ളം. John 4.14: ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്ന് ഉത്തരം പറഞ്ഞു. (John 7: 37-39; Rev:22.1; Gen:.10-14)   ഈ അഞ്ചു വസ്തുക്കളുടെ സാന്നിദ്ധിയം പരിശുദ്ധാത്മാവിനെ കാണിക്കുന്നതാണ് എന്ന് മനസിലാക്കാം

ഈ അഞ്ചു കാര്യങ്ങൾ മനസിൽ വച്ചുകൊണ്ടു അതിന്റെ അടിസ്ഥാനത്തിൽ, പരിശുദ്ധാത്മാവിന്റെ, മനുഷ്യരോടുള്ള ഏഴ് പ്രധാന ഇടപെടലുകൾ (Interventions) ഒന്ന് ചിന്തിക്കാം:

1: സൃഷ്ഠിപ്പിൽ ഇടപെടുന്ന പരിശുദ്ധാത്മാവ്.

ആദിമ ഭൂമിയുടെ പുനരുദ്ധാരണവും മനുഷ്യ സൃഷ്ട്ടി യോടുമുള്ള ബന്ധത്തിലും പരിശുദ്ധാത്മാവിന്റെ പ്രവർത്തനം കാണുന്നു. ആദിമ ഭൂമിയെ വെള്ളം കൊണ്ട് മൂടിയിരുന്നതായും പരിശുദ്ധാത്മാവ് വെള്ളത്തിൻ മീതെ പരിവർത്തിച്ചു കൊണ്ടിരുന്നതായും ഉല്പത്തി 1: 1 .2 വാക്യങ്ങളിൽ വായിക്കുന്നു. കൂടാതെ മനുഷ്യന് ജീവൻ ലഭിക്കുന്നത്, ദൈവത്തിന്റെ ഊത്തിനാലുള്ള ശ്വാസത്താലാണ് (The breath of God) Gen 2: 7 യഹോവയായ ദൈവം നിലത്തെ പൊടികൊണ്ടു മനുഷ്യനെ നിർമ്മിച്ചിട്ടു അവന്റെ മൂക്കിൽ ജീവശ്വാസം ഊതി, മനുഷ്യൻ ജീവനുള്ള ദേഹിയായി തീർന്നു. ഇവിടെ വെള്ളവും കാറ്റും പ്രകടമാണ്. 

ജീവനായിരിക്കുന്ന ശ്വാസം (breath = a small scale of wind) മനുഷ്യനിലേക്ക് പ്രവേശിപ്പിക്കുന്നു. അവൻ ജീവനുള്ള ദേഹിയായി തീരുന്നു. ആ ജീവന്റെ നിലനിൽപിന് ആവശിയം ആയിരിക്കുന്ന വെള്ളവും സൃഷ്ഠിക്കപ്പെട്ടിരിക്കുന്നു. (ജീവ ശ്വാസവും, ജീവ ജലവും) ഇത് രണ്ടും പരിശുദ്ധാത്മാവിനെ കാണിക്കുന്നതാണ്. അതുകൊണ്ട് ഈ ഭൂമിയിൽ വസിക്കുന്നതോ വസിച്ചിട്ടുള്ളതോ ആയ ഏത് മനുഷ്യനും പരിശുദ്ധാത്മാവിനോട് ബന്ധപ്പെട്ടും കടപ്പെട്ടും ഇരിക്കുന്നു. അതുകൊണ്ടാണല്ലോ യേശു ക്രിസ്തു പറഞ്ഞത്. Mark 3: 28 ,29, മനുഷ്യരോട് സകല പാപങ്ങളും അവർ ദുഷിച്ചു പറയുന്ന സകല ദൂഷണങ്ങളും ക്ഷമിക്കും; പരിശുദ്ധാത്മാവിന്റെ നേരെ ദൂഷണം പറയുന്നവനോ ഒരുനാളും ക്ഷമ കിട്ടാതെ നിത്യശിക്ഷെക്കു യോഗ്യനാകും എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. വളരെ ചിന്തനീയവും അർത്ഥവത്തായതുമായ ഒരു പ്രസ്താവനയാണ് ഇത്. 

സംകീർത്തനം 33. 6 യഹോവയുടെ വചനത്താൽ ആകാശവും അവന്റെ വായിലെ ശ്വാസത്താൽ അതിലെ സകലസൈന്യവും ഉളവായി; എന്ന് പറഞ്ഞാൽ സകല സൃഷ്ട്ടിയും ദൈവത്തിന്റെ വാക്കിനാൽ ഉണ്ടാക്കി, എന്നാൽ സകല സൈന്യo എന്നാൽ ഉദ്ദേശിക്കുന്നതു മനുഷ്യനെയാണ്. മനുഷ്യനെ ദൈവത്തിന്റെ ശ്വാസത്താൽ ഉണ്ടാക്കി എന്നാണ് (Breath – spirit) Job 33:4 ദൈവത്തിന്റെ ആത്മാവു എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്കു ജീവനെ തരുന്നു. ചുരുക്കത്തിൽ പരിശുദ്ധാത്മാവിന്റെ സൃഷ്ട്ടിപ്പിൽ ഉണ്ടായിരുന്ന ഒന്നാമത്തെ ഇടപെടൽ ഇത് വ്യക്തമാകുന്നു. 

2: മുൾപടർപ്പിൽ അഗ്നിയിൽ മോശക്ക് പ്രത്യക്ഷനാകുന്ന ദൈവം.      Exo: 3.2-6:

“അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.”

 ഇവിടെ   അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി തുടർന്നുള്ള വാക്യങ്ങളി നിന്നും അത് ദൈവം തന്നെയാണ് എന്ന് വ്യക്തമാകുന്നു. അബ്‌റഹാമിയ വാഗ്‌ദത്ത സന്തതികളായ ഇസ്രായേൽ ജനത്തെ 430 വർഷത്തെ അടിമത്വത്തിൽ നിന്ന് വിടുവിച്ചു ഒരു പ്രത്യേക സമൂഹമായി (രാജ്യമായി) വേർതിരിച്ചു രൂപപെടുത്തിയെടുക്കുവാൻ മോശയെ വിളിക്കുന്നതും ചുമതലപെടുത്തുന്നതും ഒരു അതി പ്രധാന കാര്യമാണ്. കാരണം ദൈവത്തിനു ലോകത്തിൽ വെളിപ്പെട്ടു വരുവാനുള്ള ഒരു സമൂഹമാണ് ഇസ്രായേൽ. യേശു ക്രിസ്തു, ന്യായപ്രമാണം, ഉൾപ്പെടെ വിവിധ നിലകളിൽ ദൈവിക വെളിപ്പാടുകൾ മാനവ ജാതിക്കു ലഭിച്ചിരിക്കുന്നത് ഇസ്രായേൽ മുഖാന്തരം ആണ്. ഈ പ്രധാന ജോലിയിൽ ദൈവവും പരിശുദ്ധാത്മാവും ഒരുമിക്കുന്നു എന്ന് വ്യക്തമാണ്.

3. സീനായി പർവ്വതത്തിൽ മോശക്ക് ന്യായപ്രമാണം നൽകുമ്പോൾ പർവതത്തിൽ ഇറങ്ങുന്ന തീയും പുകയും:

Exo :19 .18 (20.18) “യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അത് മുഴുവനും പുക കൊണ്ട് മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.”

ഇസ്രായേൽ ജനത്തിന് നൽകിയ ന്യായപ്രമാണം അതി പ്രധാനമാണ്. സ്വർഗത്തിൽ എന്നേക്കും സ്ഥിരമാക്കപ്പെട്ട ദൈവത്തിന്റെ വചനങ്ങളാണ്. അത് കല്ലിൽ എഴുതി നൽകുമ്പോൾ ഒരിക്കലും മാറിപോകാത്തതു എന്ന അർത്ഥവും അതിനു ഉണ്ട്. ഇവിടെ പർവതത്തിൽ ദൈവം ഇറങ്ങുബോൾ തീയും പുകയും കാണുന്നു എന്നാൽ അതിനു അർത്ഥo പരിശുദ്ദത്മാവിന്റെ ഇടപെടൽ ഇതിൽ ഉണ്ടായി എന്ന് വ്യക്തമാണ്.

4. യേശു ക്രിസ്തുവിന്റെ ജനനത്തിൽ ഇടപെടുന്ന പരിശുദ്ധാത്മാവ്:

  Luk: 1 35:” അതിന്നു ദൂതൻ: പരിശുദ്ധാത്മാവ് നിന്റെ മേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേൽ നിഴലിടും; ആകയാൽ ഉത്ഭവിക്കുന്ന വിശുദ്ധപ്രജ ദൈവപുത്രൻ എന്നു വിളിക്കപ്പെടും.”

ഉല്പത്തി 3: 15 ൽ കാണുന്ന സ്ത്രിയുടെ സന്തതി സർപ്പത്തിന്റെ തല തകർക്കും എന്ന് തുടങ്ങുന്ന അനേകംപ്രവചനങ്ങളുടെ നിവർത്തി എന്ന നിലയിലും, അന്ത്യ കാലത്തു വെളിപ്പെട്ടു വന്ന ദൈവത്തിന്റെ ജഡാവതാരമായ യേശു ക്രിസ്തുവിന്റെ ജനത്തിൽ കാണുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടൽ ഈ വിഷയത്തിന്റെ അതി പ്രാധാന്യത്തെ കാണിക്കുന്നു. മാനവ ജാതിയുടെ വീണ്ടെടുപ്പ്, പാപത്തിന്റെ പരിഹാരം, നീതീകരണം, സാത്താന്റെ പരാജയം, തുടങ്ങി ഒട്ടനവധി പ്രധാന വിഷയങ്ങളിൽ പരിശുദ്ധാത്മാവിന്റെ ഇടപെടൽ വളരെ പ്രകടമാണ്. ഇതിനെല്ലാം കരണമായിരിക്കുന്ന യേശു ക്രിസ്തുവിന്റെ ജനനം മുതൽ ഉയിർപ്പുവരെ ക്രിസ്തുവിനോട് കൂടെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം കാണുന്നു. സ്‌നാനം, ഉപവാസം, തുടങ്ങി തന്റെ എല്ലാ പ്രവൃത്തികളിലും ഇത്   വ്യക്തമാണ്. ഉദാഹരണം: മത്തായി 12: 28 ൽ യേശു പറയുന്നു   ” ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം”.

പഴയ നിയമത്തിൽ പിതാവും പരിശുദ്ധാത്മാവും വിഷയങ്ങളിൽ സമ്മേളിക്കുന്നതുപോലെ പുതിയ നിയമത്തിൽ മുപ്പത്തിമൂന്നര വര്ഷം, ഈ ഭൂമിയിൽ യേശു ക്രിസ്തുവും പരിശുദ്ധാത്മാവും സമ്മേളിക്കുകയായിരുന്നു. ഈ വിഷയം കൂടുതൽ പഠിച്ചാൽ യേശു ക്രിസ്തുവിന്റെ ദൈവത്വം വളരെ വ്യക്തമാകുന്നതാണ്.

5. മൗണ്ട് സിയോൺ മാളികയിൽ സഭയുടെമേൽ ഇറങ്ങുന്ന പരിശുദ്ധാത്മാവ്: (സഭയെ അഭിഷേകം ചെയ്യുന്ന സംഭവം)

ബൈബിളിൽ ദൈവ സഭയുടെ പ്രാധാന്യത്തെ എടുത്തു പറയേണ്ടതില്ലല്ലോ.

യേശു പറഞ്ഞു: John 16: 7 “എന്നാൽ ഞാൻ നിങ്ങളോടു സത്യം പറയുന്നു; ഞാൻ പോകുന്നതു നിങ്ങൾക്കു പ്രയോജനം; ഞാൻ പോകാഞ്ഞാൽ കാര്യസ്ഥൻ {പരിശുദ്ധാത്മാവ്} നിങ്ങളുടെ അടുക്കൽ വരികയില്ല; ഞാൻ പോയാൽ അവനെ നിങ്ങളുടെ അടുക്കൽ അയക്കും.”

യേശുവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം മൗണ്ട് സിയോൺ മാളികയിൽ ഇറങ്ങിയ പരിശുദ്ധാത്മാവ് അവിടെ കൂടിയിരുന്ന ആദ്യ സഭാ കൂട്ടത്തെ അഭിഷേകം ചെയിതു,

Act :2 ,3; പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തുനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു. അഗ്നിജ്വാലപോലെ പിളർന്നിരിക്കുന്ന നാവുകൾ അവർക്കു പ്രത്യക്ഷമായി, അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.

ദൈവസഭ ഒന്നേയുള്ളു അത് യേശു ക്രിസ്‌തുവിൽ കൂടി വീണ്ടെടുക്ക പെട്ടവരും, വീണ്ടെടുക്ക പെടുന്നവരും, വീണ്ടെടുക്ക പെടാനുള്ളവരും, കൂടി ചേർന്നുള്ള ഒരു സഭ; ആ സഭയെ ക്രിസ്തുവിന്റെ ശരീരം എന്നും കാന്ത എന്നും, തോട്ടം, മുന്തിരിയുടെ വള്ളികൾ എന്നും, കെട്ടിടം എന്നും ഒക്കെ ആലങ്കാരിക ഭാഷയിൽ, വിളിച്ചിട്ടുണ്ട്. അത് ക്രിസ്തുവും സഭയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ കാണിക്കുന്നതാണ്. ആ സഭയെ ദൈവം പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തിരിക്കുകയാണ്. അതിൽ എല്ലാവരും ഒരുപോലെയാണ്. അഭിഷക്തയായിരിക്കുന്ന സഭക്ക് പരിശുദ്ധാത്മാവ് നൽകുന്നതാണ് കൃപാ വരങ്ങൾ. വരങ്ങൾ അല്ല അഭിഷേകം. വല്ലാത്ത തെറ്റിദ്ധാരണ വരുത്തിയിരിക്കുന്നതുo, തെറ്റായി പഠിപ്പിക്കുന്നതുമായ ഒരു വിഷയമാണിത്.  അഭിഷക്തൻ, അഭിഷേകം പ്രാപിക്കുക തുടങ്ങിയ പദ പ്രയോഗങ്ങൾ പെന്റികോസ്തു കാരുടെ ഇടയിൽ സർവ സാധാരണമാണ്. ദൈവ സഭയുടെ ശിശ്രുഷകൾക്കായി പരിശുദ്ധാത്മാവ് സഭയിൽ നിന്നും ചിലരെ വേര്തിരിച്ചിട്ടുണ്ട് എന്നത് സത്യമാണ് (Eph 4 .11) അത് സഭയെ ശിശ്രുഷിക്കുവാനും സുവിശേഷികരണത്തിന്റെ വ്യാപ്തിക്കു വേണ്ടിയിട്ടുമാണ്. ഈ കൂട്ടർ സഭയേക്കാൾ വലുതല്ല. സഭയാണ് ദൈവത്തിനു പ്രധാനം. ഈ വിലപ്പെട്ട സഭയെ ദൈവം പരിശുദ്ധാത്മാവിനാൽ മുദ്ര ഇട്ടിരിക്കുന്നു:

 Eph: 1 .14 തന്റെ സ്വന്തജനത്തിന്റെ വീണ്ടെടുപ്പിന്നു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചെക്കായിട്ടു നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവിനാൽ മുദ്രയിട്ടിരിക്കുന്നു.

6:  വിശുദ്ധന്മാരുടെ ഉയിർപ്പിൽ (Rapture) ഇടപെടുന്ന പരിശുദ്ധാത്മാവ്:

ഇനിയുള്ള രണ്ട് വിഷയങ്ങൾ പ്രവചനമാണ് . അതിൽ ഒന്നാണ് മരിച്ചുപോയ വിശുദ്ധന്മാരുടെ ഉയിർപ്പ്, പരിശുദ്ധാത്മാവിൻറെ വ്യക്തമായ ഇടപെടൽ ഈ വിഷയത്തിൽ   ബൈബിൾ വ്യക്തമാക്കുന്നു.

Ro; 8.11: I Thes: 4:16,17:  യേശുവിനെ മരിച്ചവരിൽനിന്നു ഉയിർപ്പിച്ചവന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എങ്കിൽ ക്രിസ്തു യേശുവിനെ മരണത്തിൽനിന്നു ഉയിർപ്പിച്ചവൻ നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനെക്കൊണ്ടു നിങ്ങളുടെ മർത്യ ശരീരങ്ങളെയും ജീവിപ്പിക്കും.

ദൈവ സഭയുടെ ഉൽപ്രാപണത്തിൽ, വിശുദ്ധന്മാരുടെ ഉയിർപ്പും രൂപാന്തരവും അതിപ്രധാനമായ ഒരു വിഷയമായി ബൈബിൾ രേഖപ്പെടുത്തിയിരിക്കുന്നു. (Ro; 8.11: I Thes: 4:16,17)

ക്രിസ്തു യേശുവിൽ കൂടെ വീണ്ടെടുക്കപ്പെട്ട ദൈവ ജനത്തിന്റെ ഉയർപ്പിൽ പിശാചിന് ഇടം കൊടുക്കാതെ പരിശുദ്ധാത്മാവ് നേരിട്ട് ഇടപെടുന്നു. മോശയുടെ ശരീരത്തിനു വേണ്ടി സാത്താൻ വാദം ഉന്നയിച്ചു തടസ്സങ്ങൾ സൃഷ്ടിച്ചതുപോലെ പോലെ ഇവിടെ അത് അനുവദിക്കുന്നില്ല. (Jude :9)

7 ഹൃദയങ്ങൾക്കു രൂപാന്തരം വരുത്തുന്ന (change) പരിശുദ്ധാത്മാവ്:

ഏഴാമതായി ആയി ഹൃദയങ്ങൾക്ക് രൂപാന്തരം വരുത്തുന്ന കാര്യം, ഇസ്രായേലിനെ സംബന്ധിച്ച് ഒരു പ്രവചനം ആണ്. എന്നാൽ ജീവിച്ചിരിക്കുന്നവരോട് ഇപ്പോൾ പരിശുദ്ധാത്മാവ് ഇടപെട്ടു കൊണ്ടിരിക്കുന്നു. മാനസാന്തരത്തിൽ പരിശുദ്ധാത്മാവിൻറെ ഇടപെടൽ വ്യക്തമാണ് .1 Corinthians 12 :3 പൗലോസ് അപ്പോസ്തോലൻ പറയുന്നു “ആകയാൽ ദൈവാത്മാവിൽ സംസാരിക്കുന്നവൻ ആരും യേശു ശപിക്കപ്പെട്ടവൻ എന്നു പറകയില്ല; പരിശുദ്ധാത്മാവിൽ അല്ലാതെ യേശു കർത്താവു എന്നു പറവാൻ ആർക്കും കഴികയുമില്ല എന്നു ഞാൻ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.” സത്യം അറിയുവാനും അത് ഗ്രഹിക്കുവാനും ഒരുവന് കഴിയണമെങ്കിൽ പരിശദ്ധാത്മാവിൻറെ ഇടപെടൽ അത്യാവശ്യമാണ്. അതുകൊണ്ടാണ് ദാവീദിൽ മാറ്റം ഉണ്ടായതും, നിർമ്മലമായ ഒരു ഹൃദയത്തിനു വേണ്ടിയും സ്ഥിരമായ ഒരു ആത്മാവിന് വേണ്ടിയും പ്രാർത്ഥിക്കുന്നത്.

John 16 .8, ൽ യേശു ക്രിസ്തു ഇപ്രകാരം പറയുന്നു. “അവൻ (പരിശുദ്ധാത്മാവ്) വന്നു പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തിന്നു ബോധം വരുത്തും.” കൃപായുഗത്തിലെ ദൈവസഭയുടെ രൂപീകരണത്തിൽ പരിശുദ്ധാത്മാവിൻറെ ഇടപെടൽ അതിപ്രധാനമാണ്.

എന്നാൽ 51ആം സങ്കീർത്തനത്തിൽ ദാവീദിൻറെ പ്രാർത്ഥനയിലെ പ്രവചന സ്വഭാവം പരിശോധിക്കാം. ഇസ്രായേൽജനം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ ആണെങ്കിലും അവർ ഒരിക്കലും സ്ഥിരമായി ദൈവസന്നിധിയിൽ നിന്നിട്ടില്ല. പാപം മൂലവും വിഗ്രഹാരാധന മൂലവും പലപ്പോഴും അവർ ദൈവത്തെ കോപിപ്പിച്ചു കൊണ്ടിരുന്നു. ഇസ്രായേലിൻറെ കാഠിന്യമുള്ള ഹൃദയവും മനസ്താപം ഇല്ലാത്ത സ്വഭാവവും ദൈവം അവരെ ശിക്ഷിക്കുന്നതിന് കാരണമായിരുന്നു. ഇപ്പോഴും ആ അവസ്ഥയിൽ വലിയ മാറ്റം കാണുന്നില്ല. പ്രവാചകന്മാർ മുൻകൂട്ടി ഈ വിഷയങ്ങൾ പ്രവചിച്ചിട്ടുണ്ട്. എന്നാൽ ഭാവിയിൽ ആയിരമാണ്ട് വാഴ്ച്ചയിലും നിത്യതയിലും അവരുടെ ഹൃദയങ്ങൾക്ക് രൂപാന്തരം വരുത്തുന്ന കാര്യം പ്രവാചകന്മാർ പറഞ്ഞിരിക്കുന്നു.

Ezek: 11.19: 36.26; Heb: 10.16. Ezek:11 :19 അവർ എന്റെ ചട്ടങ്ങളിൽ നടന്നു എന്റെ വിധികളെ പ്രമാണിച്ചു ആചരിക്കേണ്ടതിന്നു ഞാൻ അവർക്കു വേറൊരു ഹൃദയത്തെ നല്കുകയും പുതിയൊരു ആത്മാവിനെ ഉള്ളിൽ ആക്കുകയും ചെയ്യും; കല്ലായുള്ള ഹൃദയം ഞാൻ അവരുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം അവർക്കു കൊടുക്കും.  ഈ വാക്യങ്ങൾ വ്യക്തമാക്കുന്നത് ഇസ്രയേലിന്റെ ഇപ്പോഴുള്ള കാഠിന്യ ഹൃദയം മാറ്റി പുതിയ ഹൃദയം നൽകും എന്നാണ്.

51ആം സങ്കീർത്തനത്തിൽ ദാവീദ് പ്രാർത്ഥിക്കുന്നത് വ്യക്തിപരമായ കാര്യമാണ്.  51.10 “ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.”

എങ്കിലും മുഴുവൻ ഇസ്രയേലിനോടുള്ള ബന്ധത്തിൽ ഇതിൽ ഇത് സത്യമാണ് എന്ന് മനസ്സിലാക്കാം. അതിനാൽ ഈ പ്രാർത്ഥനയിൽ ഒരു പ്രവചന ഭാവം ഉണ്ട്. ഭാവിയിൽ ഇസ്രായേലിൽ വരുവാൻ പോകുന്ന രൂപാന്തരവും ഇപ്പോൾ ദൈവം സഭയ്ക്കുവേണ്ടി ഈ ലോകത്തിൽ സുവിശേഷത്താൽ നടത്തുന്ന പ്രവർത്തനവും ശ്രദ്ധേയമാണ്. രണ്ട് വിഷയങ്ങളിലും പരിശുദ്ധാത്മാവിൻറെ അതിപ്രധാനമായ ഇടപെടൽ കാണുന്നുണ്ട്. ഏത് മനുഷ്യൻറെയും ഹൃദയത്തിന് രൂപാന്തരം വരുത്തുവാൻ കഴിവുള്ള പരിശുദ്ധാത്മാവിൻറെ ഇടപെടൽ എല്ലാവരിലും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.

ഈ ലേഖനം വായിക്കുന്ന എല്ലാവരും ദാവീദിനെ പോലെ നിർമ്മലമായ ഒരു ഹൃദയത്തിന് വേണ്ടിയും സ്ഥിരമായ ഒരു ആത്മാവിന് വേണ്ടിയും ദൈവത്തോട് പ്രാർത്ഥിക്കാം. ശുദ്ധികരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. {Heb: 12.14}

ദൈവം എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ:

By:  Pastor M G Abraham

Leave a comment